Sunday, 23 June 2013

കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റ്‌. (ആഗസ്റ്റ്‌ 15/2013)

വായനശാലകളിലെ, കളിയിടങ്ങളിലെ, സ്വാഭാവികമായ സൌഹൃദകൂട്ടായ്മകള്‍ നമുക്ക് എന്നേ നഷ്ടപ്പെട്ടിരിയ്ക്കുന്നു. കൂട്ടത്തില്‍ കടുപ്പത്തിലൊരു ചായയ്ക്ക് പറഞ്ഞ് സൂര്യന് താഴെയുള്ള എല്ലാത്തിനെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന മലയാളിത്തവും...

പല കാരണങ്ങളാല്‍; ജോലിതിരക്കിനാല്‍, പ്രവാസത്താല്‍, നഷ്ടപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്ത അവസരങ്ങളെ മലയാളികള്‍ തിരിച്ചു പിടിച്ചത് ഇന്റര്‍നെറ്റ്‌ ലോകത്തെ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വഴിയാണ്. സമകാലിക സാമൂഹിക,സാംസ്കാരിക വിഷയങ്ങളോട് നിരന്തരം പ്രതികരിയ്ക്കാന്‍, തങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പങ്കുവയ്ക്കാന്‍ ഓണ്‍ലൈന്‍ മീഡിയകളെ ഉപയോഗപ്പെടുത്തുന്നവര്‍ ഇന്നേറെയാണ്. വിവിധ ജീവിത സാഹചര്യങ്ങളില്‍, ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ ജീവിയ്ക്കുന്ന, ഒരിയ്ക്കലും നേരില്‍ കണ്ടിട്ടുകൂടിയില്ലാത്തവര്‍ക്കിടയില്‍ വിലമതിയ്ക്കാനാകാത്ത സൌഹൃദങ്ങളാണ് ഇങ്ങനെ രൂപം കൊള്ളുന്നത്.

ബാലാരിഷ്ടതകള്‍ പിന്നിട്ട് ഒരു ബ്ലോഗിലോ ഗ്രൂപ്പിലോ ഫേസ്ബുക്ക് അക്കൗണ്ടിലോ ഒതുങ്ങി നില്‍ക്കാന്‍ ആകുന്നതിലും അപ്പുറത്തേക്ക് ഈ കൂട്ടായ്മ വളര്‍ന്നിരിയ്ക്കുന്നു. അതുകൊണ്ട് തന്നെ ബ്ലോഗും ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ ലോകത്തോട് സംവദിക്കുന്ന ആളുകളുടെ വിശാലമായ ഒരു കൂട്ടായ്മയ്ക്ക് വീണ്ടും കളമൊരുക്കുകയാണ് കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റ്‌ 2013.

കേരളത്തിൽ സാഹിത്യപരമായും സാമൂഹികശാസ്ത്രപരമായും എല്ലാം ഏറ്റവും കൂടുതൽ പഠന വിധേയമാക്കപ്പെട്ടിട്ടുള്ളത് കോഴിക്കോടാണെന്നു പറയുമ്പോൾ ചിലരെങ്കിലും ആശ്ചര്യപ്പെട്ടെക്കാം. പക്ഷെ താഴേക്ക്‌ വായിച്ചു പോകുമ്പോൾ കോഴിക്കോട് ഒരു ആർദ്ര സ്മരണയായി നമ്മിൽ നിറയുകയും,  ബാബുരാജും, എം.ടിയും, എസ്.കെയും, ബഷീറും തുടങ്ങി അനവധി പ്രതിഭാശാലികളുടെ ആത്മ സാക്ഷാത്കാരത്തിന് ഭൂമിക ഒരുക്കിയ ആ മണ്ണിൽ വെച്ച് ഓണ്‍ലൈൻ എഴുത്തുകാരുടെ ഒരു കൂടിച്ചേരലിന് അവസരം ലഭിക്കുന്നതിൽ നമ്മൾ അഭിമാനം കൊള്ളു കയും ചെയ്തേക്കാം.

എഴുത്തുകാർക്ക് എന്നുമൊരു വിസ്മയമായിരുന്നു കോഴിക്കോട്.  വന്നെത്തിയവര്‍ക്ക് അദ്ഭുതദേശവും. ഏറ്റവും സുരക്ഷിതമായ കേന്ദ്രമായിരുന്നു എന്നത് സഞ്ചാരികളെ വൻ തോതിൽ അങ്ങോട്ട്‌ ആകർഷിച്ചു. സഹസ്രാബ്ധങ്ങളിലൂടെയുള്ള വിവിധ സംസ്കാരങ്ങളുടെ ഈ കൂടിച്ചേരൽ കോഴിക്കോടിന് നൈതികതയും നന്മയും ഇഴചേർത്ത തനതായ ഒരു വിശേഷ സംസ്കാരം രൂപപ്പെടുത്തി. ആ സംസ്കാരമാണ് അനേകം പ്രതിഭാധനരെ കോഴിക്കോട്ടേക്ക് ആകർഷിച്ചതും, സ്വാധീനിച്ചതും.

ചൈനീസ്‌ സഞ്ചാരികളുടെയും പോർച്ചുഗീസുകാരനായ വാസ്കോഡിഗാമയുടെയും ആഗമനത്താൽ മാത്രമല്ല കോഴിക്കോട് ശ്രദ്ധേയമാകുന്നത് , യാദവന്മാരും നാഗന്മാരും ആദ്യമായി കേരളത്തിൽ കുടിയേറിയത് കോഴിക്കോട്ടാണ് . അറബികളും തുർക്കികളും റോമാക്കാരും വിദേശങ്ങളിൽ നിന്ന് കോഴിക്കോട്ടു വന്നവരാണെങ്കിൽ പാർസികൾ, ഗുജറാത്തികൾ, മാർവാഡികൾ, തമിഴർ, തെലുങ്കർ എന്നിവർ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കച്ചവടത്തിനായി കോഴിക്കോട്ടെത്തി , വ്യാപാരത്തിനൊപ്പം സംസ്കാരങ്ങളുടെ കൊള്ള-കൊടുക്കലുകള്‍ക്കും കോഴിക്കോട് വേദിയായി. സാഹിത്യം മാത്രമല്ല , അനുഷ്ഠാനകലകൾ , തെയ്യം, മാപ്പിളക്കലകൾ, സംഗീതം, വടക്കൻപാട്ട്‌, കളരിപ്പയറ്റ്‌, കായികം, നാടകം, ചലച്ചിത്രം, റേഡിയോ, ദിനപത്രങ്ങൾ , എന്തിനു ഭക്ഷണ വിഭവങ്ങൾ വരെ പറഞ്ഞാ തീരാത്തത്ര വിശേഷങ്ങൾ കോഴിക്കോടിനുണ്ട്.

പ്രശാന്തമായ കടല്‍ത്തീരവും, ചരിത്രസ്മാരകങ്ങളും എല്ലാം ചേര്‍ന്ന് കോഴിക്കോടിനെ ഒരു പ്രധാന ടൂറിസം കേന്ദ്രമാക്കിയും മാറിക്കഴിഞ്ഞിരിക്കുന്നു. അസ്തമയമാസ്വദിക്കാന്‍ ഏറ്റവുമുചിതമാണ് കോഴിക്കോട് ബീച്ച്.

ഓണ്‍ലൈനിൽ ഇടപഴകുന്നവരുടെ , എഴുതുന്നവരുടെ , വായിക്കുന്നവരുടെ, സ്ക്രോൾ ചെയ്തു പോകുന്നവരുടെ ഒരു കൂടിച്ചേരൽ ..! അടച്ചിട്ട മുറികളിൽ നിന്ന് പുറത്തിറങ്ങി കോഴിക്കോട് നഗരത്തിന്റെ ഒരറ്റത്ത് നാം കൂടിചേരുമ്പോൾ അതിനൊരു കൗതുകമില്ലേ..? തീർച്ചയായും ഉണ്ട്. അത് തരുന്ന ഒരു പോസിറ്റിവ് എനർജി ഒത്തിരി കാലത്തേക്ക് നനുത്ത കുറെ ഓർമ്മകൾ നമ്മിൽ നിറച്ചേക്കാം.

അങ്ങനെ, ഓഗസ്റ്റ്‌ പതിനഞ്ചിന് നാം ഒത്തു കൂടുന്നു ..! കോഴിക്കോട് നഗരമാകട്ടെ അതിന്റെ മൗലികമായ സാംസ്‌കാരിക തനിമയോടെ നമ്മെ സ്വാഗതം ചെയ്യും...

കോഴിക്കോട് നഗരത്തിന്‍റെ തിരക്കില്‍ നിന്നല്‍പ്പം മാറി ഫറോക്കിനടുത്ത് ചെറുവണ്ണൂര്‍ ഭുവനേശ്വരി ഹാളിലാണ് ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിക്കപ്പെടുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എത്തിച്ചേരാന്‍ വളരെ സൌകര്യപ്രദമായ സ്ഥലത്താണ് നമ്മുടെ മീറ്റ്‌ കേന്ദ്രം.

ബസ്സിനാണ്‌ വരുന്നതെങ്കില്‍ ലിമിറ്റെഡ് ബസ്‌ സ്റ്റോപ്പ്‌ ആയ "കോയാസ്" സ്റ്റോപ്പില്‍ ഇറങ്ങി നൂറു മീറ്റര്‍ നടന്നാല്‍ ഹാളിലെത്താം. ട്രെയിനില്‍ വരുന്നവര്‍ക്ക് ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ ഭുവനേശ്വരി ഹാളിലേക്ക്.

(ഫറോക്കിലേക്ക് എത്തിച്ചേരാന്‍ ഉള്ള ട്രെയിന്‍ സമയം അടക്കം യാത്രാസംബന്ധമായ വിവരങ്ങള്‍ മീറ്റ്‌ ബ്ലോഗില്‍ ഉടന്‍ ലഭ്യമാക്കും)


ഇന്‍റര്‍നെറ്റിന്‍റെ സ്വതന്ത്രലോകത്തെ ഊഷ്മളമായ സൌഹൃദങ്ങള്‍ സ്വാതന്ത്ര്യദിന പുലരിയില്‍ ഒത്തുചേരുന്ന ഈ കൂട്ടായ്മയിലേക്ക് എല്ലാവരെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണ്. പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന മുഴുവന്‍ പേരും ഈ പോസ്റ്റിനു താഴെ വിവരം  അറിയിക്കുമല്ലോ ?
                                                               ******

മീറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക. പത്രക്കാരന്‍: 9946451944